2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

  • സമരാഗ്നി പടര്‍ത്തിയ പത്രങ്ങള്‍ 
    രാജേഷ് എസ് വള്ളിക്കോട്
  • ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ആശയപരമായി ശക്തി പകര്‍ന്നത് അക്കാലത്ത് പുറത്തിറങ്ങിയ നിരവധി പത്രങ്ങളാണ്. അവയില്‍ ചില പത്രങ്ങളെ പരിചയപ്പെടുക. 

    ഇന്ത്യന്‍ ഒപ്പീനിയന്‍ 

    ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ആരംഭിച്ച പത്രമാണ് ഇന്ത്യന്‍ ഒപ്പീനിയന്‍ . 1903ലാണ് പത്രം പുറത്തിറങ്ങിയത്. പത്രാധിപര്‍ മറ്റൊരാളായിരുന്നുവെങ്കിലും പ്രധാന ലേഖനങ്ങളും എഡിറ്റോറിയലും എഴുതിയിയിരുന്നത് ഗാന്ധിജിയായിരുന്നു. 

    യങ്ഇന്ത്യ

    1919 ഒക്ടോബര്‍ എട്ടിനാണ് യങ് ഇന്ത്യ തുടങ്ങിയത്. ജാലിയന്‍ വാലാബാഗ് സംഭവത്തിനുശേഷം ഉടലെടുത്ത സംഭവങ്ങളാണ് ഇതിലേക്ക് നയിച്ചത്. ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ മുഖപത്രമായി ആരംഭിച്ച യങ്ഇന്ത്യ ഗാന്ധിജിയെ പത്രാധിപരാക്കി. ഇംഗ്ലീഷ് പത്രമായിരുന്നു ഇത്. 

    നവജീവന്‍ 

    ഗാന്ധിജി അഹമ്മദാബാദില്‍നിന്ന് ആരംഭിച്ച പത്രമാണ് നവജീവന്‍ . ഗുജറാത്തി ഭാഷയിലായിരുന്നു പത്രം. ഇതിന്റെ വരിക്കാരുടെ എണ്ണം നാല്‍പതിനായിരം വരെ എത്തിയിരുന്നു. നവജീവന്‍ എന്ന പേരില്‍ ഗാന്ധിജി ആരംഭിച്ച പ്രസിദ്ധീകരണശാല ഇന്നും നിലനില്‍ക്കുന്നുണ്ട്. 

    ഹരിജന്‍ 

    1933-ല്‍ ഗാന്ധിജി ആരംഭിച്ച പത്രമാണ് ഹരിജന്‍ . പതിനായിരം കോപ്പികളോടെയായിരുന്നു തുടക്കം. പിന്നീട് പത്ത് ഭാഷകളില്‍ ഹരിജന്‍ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്നില്ലെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ ചാലകശക്തിയായി പത്രം നിലകൊണ്ടു. 

    അല്‍ അമീന്‍

    ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ ആരംഭിച്ച മലയാള പത്രമാണ് അല്‍അമീന്‍ . 1924 ഒക്ടോബര്‍ 12-ന് കോഴിക്കോട് നിന്നാണ് ഇതാരംഭിച്ചത്. 


    സ്വദേശാഭിമാനി

     കേരളത്തിലെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ തിളക്കമുള്ള ഏടുകളിലൊന്നാണ് സ്വദേശാഭിമാനി പത്രം. വക്കം അബ്ദുള്‍ ഖാദര്‍ മൗലവി 1905 ജനുവരി 19-ന് അഞ്ചുതെങ്ങില്‍ നിന്നാണ് പത്രം ആരംഭിച്ചത്. 1906 ജനവരി 17ന് കെ രാമകൃഷ്ണപിള്ള പത്രാധിപരായി. 1910 സെപ്തംബര്‍ 26ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പത്രം നിരോധിച്ചു. പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടി. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തി. 

    മറാത്തയും കേസരിയും

    ബാലഗംഗാധര തിലകന്‍ മറാത്തി ഭാഷയില്‍ ആരംഭിച്ച "കേസരി"യും ഇംഗ്ലീഷ് ഭാഷാപത്രമായ "ദി മറാത്ത" യും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ വളരെയേറെ ശക്തിപ്പെടുത്തി. 1881 ലാണ് പത്രം ആരംഭിച്ചത്. രാജ്യത്തെ എറ്റവും പ്രചാരമുള്ള ഭാഷാപത്രമാവാന്‍ കേസരിക്ക് ഒരു വര്‍ഷത്തിനകം കഴിഞ്ഞു. മഹാരാഷ്ട്രയിലെ ദേശീയ പത്രമായി "മറാത്ത" വളര്‍ന്നു. കേസരിയിലെഴുതിയ ലേഖനങ്ങള്‍ പലതും ബ്രിട്ടീഷുകാരുടെ അപ്രീതിക്ക് കാരണമാവുകയും തിലകനെ തടവിലിടുകയും ചെയ്തു. 

    നാഷണല്‍ ഹെറാള്‍ഡ്

    ലക്നൗവില്‍ നിന്ന് 1938ല്‍ ജവഹര്‍ലാല്‍ നെഹ്റുവന്റെ നേതൃത്വത്തില്‍ ആരംഭിച്ച പത്രം.1942ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്ത് പത്രം അടച്ചു പൂട്ടി. 1945ല്‍ വീണ്ടും ആരംഭിച്ചു. 

    പ്രഭാതം

    കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ മുഖപത്രമായിരുന്നു പ്രഭാതം. 1934-ല്‍ ഷൊര്‍ണൂരില്‍ നിന്ന് ആരംഭിച്ചു. ഇ എം എസായിരുന്നു പത്രാധിപര്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ