അണുശക്തി  അപായശക്തി
എന്ന്കേള്‍ക്കുമ്പോഴേക്കും മനസ്സിലേക്ക് രണ്ട് നഗരങ്ങളുടെ പേരുകള്‍ ഓടിയെത്തുന്നില്ലേ; ഹിരോഷിമയും നാഗസാക്കിയും. ഏഴ്ദശകംമുമ്പ് ഈ നഗരങ്ങള്‍ക്ക് മുകളില്‍ അണുവായുധം ആദ്യമായി പ്രഹരിച്ചപ്പോള്‍ അതുവരെ കാണാത്ത മഹാവിപത്തിനാണ് ലോകം സാക്ഷിയായത്. പതിനായിരങ്ങള്‍ കത്തിച്ചാമ്പലായി. പ്രകൃതി ഇന്നും ദുരിതംപേറി ജീവിക്കാന്‍ വിധിക്കപ്പെട്ടവളായി. അണുവായുധത്തിന്റെ പിടിയിലമരാതെ ലോകമിന്നും മുന്നോട്ട് പോകാന്‍ ഇടയാക്കുന്നതും ഈ നടുക്കുന്ന ഓര്‍മകളാണ്. ആണവറിയാക്ടറുകളില്‍ ഉണ്ടായ അപകടങ്ങള്‍ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി മനുഷ്യനെ ഭയപ്പെടുത്തുന്നു. ആണവായുധത്തിന്റെ ഭീഷണി അവസാനിച്ചതായി ഇന്നും പറയാന്‍ കഴിയാത്ത അവസ്ഥ. ഭൂമിയാകെ നിമിഷങ്ങള്‍ക്കുള്ളില്‍ ഭസ്മമാക്കാന്‍ കഴിയുന്ന അണുവായുധങ്ങള്‍ക്ക് മുകളിലാണീ നിശ്ശബ്ദത. അതുകൊണ്ട് തന്നെ ലോകത്ത് സമാധാനം കാംക്ഷിക്കുന്നവര്‍ക്കും ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും നടുക്കുന്ന സ്വപ്നങ്ങളാണ് അണുവായുധങ്ങള്‍ സമ്മാനിക്കുന്നത്.
ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായി ആണവ നിരായുധീകരണം മാറിയതിന്റെ സാംഗത്യവും അതുതന്നെ. പതിനേഴായിരത്തിലധികം അണുവായുധങ്ങള്‍ ലോകമറിഞ്ഞുകൊണ്ട് ഒമ്പത് രാഷ്ട്രങ്ങളിലായി സ്വരൂപിച്ചിട്ടുണ്ട്. അറിയപ്പെടാത്ത അണുവായുധ നിക്ഷേപങ്ങളുടെ സാധ്യത തള്ളിക്കളയാനുമാവില്ല!. ആണവയുദ്ധമെന്നത് ഇനി ലോകത്തിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുണ്ടായാല്‍ ജീവസാധ്യമായ ഏകഗ്രഹം കൂടി പ്രപഞ്ചത്തില്‍നിന്ന് അപ്രത്യക്ഷമാകും. ആണവനിരായുധീകരണത്തിന്റെ ആവശ്യകത ലോകത്തെ പഠിപ്പിക്കാനാണ് ഐക്യരാഷ്ട്രസഭാ നേതൃത്വത്തില്‍ സെപ്തംബര്‍ 26 സമ്പൂര്‍ണ ആണവ നിരായുധീകരണ ദിനമായി ആചരിക്കുന്നത്. ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും മാനവികതയ്ക്കും അണുവായുധങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മാനവസമൂഹത്തിന് വഴിയൊരുക്കാന്‍ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.
അണുവായുധ ശേഷിയുള്ളവര്‍ ലോകത്ത് ചുരുക്കം ചില രാഷ്ട്രങ്ങളാണ് കൈവശം അണുവായുധങ്ങള്‍ ഉള്ളതായി സ്ഥിരീകരിച്ചത്. അമേരിക്കയിലും റഷ്യയിലുമാണ് ആയുധശേഖരത്തിന്റെ സിംഹഭാഗവുമുള്ളത്. ഐക്യരാഷ്ട്രസഭയുടെ സ്ഥിരംസമിതിയിലെ മറ്റ് മൂന്ന് അംഗങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരും ഈ പട്ടികയിലുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ഇസ്രായേല്‍, ഉത്തരകൊറിയ എന്നിവരാണ് അണുവായുധം കൈവശംവച്ചിരിക്കുന്ന മറ്റ് രാജ്യങ്ങള്‍. ഇന്ത്യന്‍ പരീക്ഷണങ്ങള്‍1974 മെയ് 18നാണ് ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത്. രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന ഈ പരീക്ഷണം "ബുദ്ധന്‍ ചിരിക്കുന്നു' എന്ന പേരിലാണ് അറിയപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ സ്ഥിരം സമിതിയംഗമല്ലാത്ത, ആണവപരീക്ഷണം നടത്തിയ ആദ്യരാജ്യമെന്ന ഖ്യാതിയും ഇന്ത്യയ്ക്കാണ്. രണ്ടാമത്തെ ആണവപരീക്ഷണം നടന്നത് 1998മെയ് 11നാണ്. ഓപ്പറേഷന്‍ ശക്തി, പൊഖ്റാന്‍ കക ആണവ റിയാക്ടറുകളിലെ അപകടങ്ങള്‍മനുഷ്യ പുരോഗതിക്ക് ആണവോര്‍ജം ഉപയോഗിക്കാനാണ് ആണവ റിയാക്ടറുകള്‍ കണ്ടുപിടിച്ചത്.
1942 ഡിസംബറില്‍ ആദ്യ ആണവ റിയാക്ടറിന് രൂപം കൊടുത്തത് എന്റിക്കോ ഫെര്‍വി എന്ന ശാസ്ത്രജ്ഞനാണ്. ചിക്കാഗോയില്‍ ഇതിന് രൂപംകൊടുക്കുമ്പോള്‍ സുരക്ഷിതമെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. ഒരിക്കലും ക്ഷയിക്കാത്ത ഈ ഊര്‍ജ ഉറവിടം ഇന്ധനക്ഷാമത്തിന് പരിഹാരമാകുമെന്നും കരുതി. ഏറെക്കുറെ ഈ ധാരണകള്‍ ശരിയായിരുന്നു. മനുഷ്യ ജീവിതത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ചില സംഭവങ്ങള്‍ ആണവ റിയാക്ടറുകളുമായി ബന്ധപ്പെട്ട് ഉണ്ടായി. 1957 ഒക്ടോബര്‍ 10ന് ആണവ റിയാക്ടറുമായി ബന്ധപ്പെട്ട ആദ്യ അപകടം ബ്രിട്ടനിലെ വിന്‍ഡ്സ്കേലിലാണുണ്ടായത്. ആണവ റിയാക്ടറിലെ താപനില ഉയര്‍ത്താനുള്ള ശ്രമം റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നതിന് ഇടയാക്കി. അപകട പരിസരത്ത് നിരവധിയാളുകള്‍ക്ക് ക്യാന്‍സര്‍ രോഗബാധയുണ്ടായി എന്നതായിരുന്നു ദുരന്തത്തിന്റെ മറ്റൊരുവശം. അമേരിക്കയിലെ ത്രീമില്‍സ് ഐലന്റിലുണ്ടായ അപകടഫലമായി ഇന്നും ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു. 1978 മാര്‍ച്ച് 28നായിരുന്നു ഈ അപകടം.
ആണവ റിയാക്ടര്‍ അപകടങ്ങളില്‍ ഏറ്റവുമധികം നാശം വിതച്ചത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചെര്‍ണോബിലില്‍ നടന്ന ദുരന്തത്തിലാണ്. ഏകദേശം 50ലക്ഷത്തോളം ആളുകള്‍ക്ക് റേഡിയേഷന്‍ ഏറ്റതായി കരുതിയ ദുരന്തം നിരവധി ജീവനും അപഹരിച്ചു. ഭൂകമ്പവും സുനാമിത്തിരമാലകളും ജപ്പാനിലെ ഫുകുഷിമ ആണവ റിയാക്ടറുകളില്‍ വിതച്ച അപകടമാണ് ഈ പട്ടികയില്‍ അവസാനത്തേത്. 2011 മാര്‍ച്ച് 11ന് നടന്ന അപകടഫലമായി റിയാക്ടറുകള്‍ പൊട്ടിത്തകരുകയും വന്‍തോതില്‍ അണുപ്രസരണം ഉണ്ടാവുകയുംചെയ്തു. 20കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
അതീവ സുരക്ഷിതമെന്ന് ശാസ്ത്രലോകം കരുതിയിരുന്ന ആണവറിയാക്ടറുകള്‍ ഭീഷണിയുയര്‍ത്തി തുടങ്ങിയതോടെ ലോകവ്യാപകമായി ഇവയ്ക്കെതിരെയുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്. ആണവ മാലിന്യങ്ങള്‍ആണവ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന സുരക്ഷിതത്വ ഭീഷണിയും ലോകത്തിന് കടുത്ത വെല്ലുവിളിയാണ്. ഉപയോഗം കഴിഞ്ഞശേഷം അവശേഷിക്കുന്ന ആണവ മാലിന്യങ്ങള്‍ വര്‍ഷങ്ങളോളം ഭൂമിക്ക് ഭാരമായി നിലകൊള്ളും. ഭൂമിക്കടിയിലും കടലിലും ഇവ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ ലോകം ഭൂഗര്‍ഭ അറകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ആണവോര്‍ജം പ്രദാനംചെയ്യുന്ന സൗകര്യങ്ങള്‍ക്കപ്പുറമാണ് അതിന്റെ മാലിന്യവും സുരക്ഷിതമല്ലാത്ത ഉപയോഗ രീതിയും.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. 1957ല്‍ രൂപീകരിച്ച ഈ സംഘടന "ആറ്റം സമാധാനത്തിന്' എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഘടക സംഘടനയായ ഇതിന്റെ ആസ്ഥാനം ഓസ്ട്രിയയിലെ വിയന്നയാണ്. ന്യക്ലിയര്‍ സയന്‍സിനെയും സാങ്കേതിക വിദ്യയെയും അപകട രഹിതവും സുരക്ഷിതവുമായി സമാധാന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ആണവോര്‍ജ ഏജന്‍സി ലോകത്തിന് പ്രേരണയും പ്രചോദനവും നല്‍കുന്നു.