2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

ആഗസ്ത് 29 ദേശീയ കായിക ദിനം

ആഗസ്ത് 29 ദേശീയ കായിക ദിനം
ഓരോ അന്തരാഷ്ട്ര മത്സരം കഴിയുമ്പോഴും 130 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ നിരാശരാവും. ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളുടെ ആള്‍ബലം പോലുമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ ആദ്യസ്ഥാനം കൈയടക്കുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നു? ഇത്തരം ചിന്തകള്‍ സജീവമാക്കാനും അതിനുസൃതമായി പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്താനും ദേശീയ കായിക ദിനാചരണത്തിലൂടെ കഴിയണം. മിന്നുന്ന വേഗത്തില്‍ പന്തുമായി പാഞ്ഞ് എതിര്‍പോസ്റ്റില്‍ ഗോള്‍മഴ പെയ്യിച്ചിരുന്ന ഇന്ത്യന്‍ ഹോക്കിയുടെ വിസ്മയ താരം ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ആഗസ്ത് 29നാണ് രാഷ്ട്രം ദേശീയ കായിക ദിനാചരണം സംഘടിപ്പിക്കുന്നത്.
കായിക പ്രതിഭകളെ വളര്‍ത്തിയെടുത്ത് രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്. വേണ്ടത്ര പരിശീലനം കിട്ടാത്ത അവസ്ഥ, ചെറുപ്പത്തില്‍തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി, അര്‍ഹരായവര്‍ക്ക് നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിന്റെ അപര്യാപ്തത എന്നിവ പരിഹരിച്ചു മാത്രമേ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാനാവൂ. കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം കായികദിന ചിന്തകള്‍ പരിമിതപ്പെടരുത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണം. കായിക-മാനസിക സുസ്ഥിതി കൈവരിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കാനുള്ള വ്യത്യസ്തമായ പദ്ധതികളാണ് വേണ്ടത്. സ്കൂള്‍ തലത്തില്‍ ആരംഭിക്കുന്ന കായികവിദ്യാഭ്യാസ പരിപാടിക്ക് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും.
വിദ്യാഭ്യാസലക്ഷ്യംതന്നെ ശാരീരിക-മാനസിക വികാസമാണ്. ശാരീരികക്ഷമത പഠനത്തെ ഗുണകരമായി ബാധിക്കും. കായികവിദ്യാഭ്യാസം ചിട്ടയാവുന്നതോടെ ആരോഗ്യമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടും. സ്കൂള്‍തലത്തില്‍ നടപ്പാക്കുന്ന വ്യത്യസ്തങ്ങളായ കായിക പ്രവര്‍ത്തനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കി കായികദിനാചരണത്തില്‍ പങ്ക് ചേരുക. താല്‍പര്യമുള്ള ഏതെങ്കിലും ഇനങ്ങളില്‍ സ്ഥിരപരിശീലനം നേടുക. ഇത് മത്സര വിജയത്തിനപ്പുറം മാനസികോല്ലാസവും നല്‍കും.
കളിക്കളത്തിലെ മാന്ത്രികന്‍1932ലെ ഒളിമ്പിക്സ് ഹോക്കി. ഇന്ത്യയും അമേരിക്കയും തമ്മിലാണ് മത്സരം. കളി പകുതിയായപ്പോള്‍തന്നെ ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലാണ്. കളിക്കളം നിറഞ്ഞുകളിച്ച ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഹോക്കി സ്റ്റിക്കില്‍ എന്തോ മന്ത്രവിദ്യയുണ്ടെന്ന പരാതിയുമായി ഒരു അമേരിക്കന്‍താരം ബഹളംവച്ചു. ഇന്ത്യന്‍ കളിക്കാരനാവട്ടെ തന്റെ ഹോക്കി സ്റ്റിക്ക് ആ കളിക്കാരന് പകരം നല്‍കി. അയാളുടെ സ്റ്റിക്ക് ഉപയോഗിച്ച് കളിച്ചു. ഒരു വ്യത്യാസവും ഉണ്ടായില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞുകൊണ്ടേയിരുന്നു. കളി അവസാനിച്ചപ്പോള്‍ ഗോള്‍ നില 24-1. എതിരാളികളെ അതിശയിപ്പിച്ച ആ ഇന്ത്യന്‍ പ്രതിഭയുടെ പേരാണ് ധ്യാന്‍ചന്ദ്. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലത്തെ വീരനായകന്‍. ഫുട്ബാളില്‍ പെലെയ്ക്കുള്ള സ്ഥാനമാണ്, അതിനും മേലെയാണ് ഹോക്കിയില്‍ ധ്യാന്‍ചന്ദ്. 1905 ആഗസ്ത് 29ന് അലഹബാദിലായിരുന്നു ജനം. ധ്യാന്‍സിങ് എന്നായിരുന്നു ശരിയായ പേര്. പ്രതിഭ തിരിച്ചറിഞ്ഞ കട്ടുകാര്‍ ചന്ദ്രന്‍ എന്നര്‍ഥം വരുന്ന ചന്ദ് പേരിനൊപ്പം കൂട്ടിച്ചേര്‍ത്തു. സഹകളിക്കാരാകട്ടെ സ്നേഹപൂര്‍വം ദാദാ എന്നു വിളിച്ചു.
ധ്യാന്‍ചന്ദ് ഇന്ത്യന്‍ ഹോക്കിക്ക് നല്‍കിയ വിസ്മയാവഹങ്ങളായ പ്രകടനങ്ങള്‍ വിലമതിക്കാവുന്നതല്ല. മൂന്ന് തവണ ഒളിമ്പിക്സ് സ്വര്‍ണം നേടിത്തരുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ "ദി ഗോള്‍' ഇന്ത്യന്‍ ഹോക്കിയുടെ വിശേഷങ്ങള്‍ കൂടിയാണ്. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രം, ടീം പര്യടനങ്ങള്‍, ഒളിമ്പിക്സ് നേട്ടങ്ങള്‍ സഹകളിക്കാര്‍ എന്നിവരെക്കുറിച്ചെല്ലാം വ്യക്തമായ വിവരണം നല്‍കുന്നുണ്ട്. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പരമോന്നതമായ ഇന്ത്യന്‍ ദേശീയ പുരസ്കാരം ധ്യാന്‍ചന്ദിന്റെ പേരിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മത്സരരംഗത്ത് നിന്ന് വിരമിച്ചതിനുശേഷവും കായികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ്. 1956ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ധ്യാന്‍ചന്ദിനെ ആദരിച്ചിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ 2000ല്‍ നൂറ്റാണ്ടിലെ ഇന്ത്യന്‍ താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച പുരുഷതാരമായി അംഗീകരിക്കപ്പെട്ടത് ധ്യാന്‍ചന്ദാണ്. 1980ല്‍ രാഷ്ട്രം ധ്യാന്‍ചന്ദിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1979 ഡിസംബര്‍ മൂന്നിനാണ് അദ്ദേഹം അന്തരിച്ചത്.
സ്കൂള്‍ കായികമേളകായിക പ്രതിഭകളെ കണ്ടെത്തു ന്നതിന് സ്കൂള്‍ മുതല്‍ ദേശീയതലംവരെ നീളുന്ന സ്കൂള്‍ കായികമേളയ്ക്ക് തയ്യാറെടുക്കാം. ഇന്ത്യ കണ്ട പല കായിക പ്രതിഭകളെയും കേരളത്തിന് സംഭാവനചെയ്തത് ഇത്തരം മേളകളാണ്. വ്യത്യസ്ത വിഭാഗങ്ങളായി കുട്ടികളെ തിരിച്ചാണ് മത്സരം. മത്സരാര്‍ഥിയുടെ പ്രായം അടിസ്ഥാനമാക്കിയാണ് മത്സരവിഭാഗം നിശ്ചയിക്കുന്നത്. അത്ലറ്റിക്സ്, നീന്തല്‍, ഗെയിംസ് എന്നീ മേഖലകളിലാണ് മത്സര ങ്ങള്‍.ഗെയിംസ് : 17 ഗെയിംസ് ഇനങ്ങളാണ് സ്കൂള്‍ കായികമേളയുടെ ഭാഗമായി നടത്തുന്നത്. വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ഖൊ-ഖൊ, കബഡി, ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍, ടേബിള്‍ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബാള്‍, ജിംനാസ്റ്റിക്സ്, ടെന്നീസ്, ഗുസ്തി, ചെസ്, ജൂഡോ തുടങ്ങിയവയാണ് മത്സരയിനങ്ങള്‍.
ഗുസ്തി, ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ്. ബാക്കിയുള്ള ഗെയിമുകള്‍ക്ക് ഇരുവിഭാഗങ്ങളിലുമായി ഹൈസ്കൂള്‍ ഹയര്‍സെ ക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരമുണ്ടാവും. നീന്തല്‍: സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍, വിഭാഗങ്ങള്‍ക്കാണ് നീന്തല്‍മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത നീന്തല്‍ ഇനങ്ങളില്‍ പ്രത്യേക മത്സരമുണ്ട്.അത്ലറ്റിക്സ്: എല്‍പി, യുപി, വിദ്യാര്‍ഥികളെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരമാണുള്ളത്. കിഡീസ്(ആണ്‍-പെണ്‍)മത്സരയിനങ്ങള്‍- 100മീ, 200മീ. ഓട്ടം ലോങ്ജംപ്, ഹൈജംപ്, 4 ത 100 മീറ്റര്‍ റിലേഎല്‍പി കിഡീസ് (ആണ്‍-പെണ്‍)50മീ, 100മീ ഓട്ടം ലോങ്ജംപ്, 4 ത 100 മീറ്റര്‍ റിലേഎല്‍പി മിനി (ആണ്‍-പെണ്‍)50മീ, 100മീ ഓട്ടം, സ്റ്റാന്‍ഡിങ് ബ്രോഡ്ജംപ്, 4 ത 50 മീറ്റര്‍ റിലേജൂനിയര്‍, സബ്ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്കായി ആണ്‍- പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സംഘടിപ്പിക്കുന്ന മത്സരയിനങ്ങള്‍
- See more at: http://www.deshabhimani.com/news-special-aksharamuttam-latest_news-394601.html#sthash.BLbil0U0.dpuf

അണുശക്തി അപായശക്തി

അണുശക്തി  അപായശക്തി
എന്ന്കേള്‍ക്കുമ്പോഴേക്കും മനസ്സിലേക്ക് രണ്ട് നഗരങ്ങളുടെ പേരുകള്‍ ഓടിയെത്തുന്നില്ലേ; ഹിരോഷിമയും നാഗസാക്കിയും. ഏഴ്ദശകംമുമ്പ് ഈ നഗരങ്ങള്‍ക്ക് മുകളില്‍ അണുവായുധം ആദ്യമായി പ്രഹരിച്ചപ്പോള്‍ അതുവരെ കാണാത്ത മഹാവിപത്തിനാണ് ലോകം സാക്ഷിയായത്. പതിനായിരങ്ങള്‍ കത്തിച്ചാമ്പലായി. പ്രകൃതി ഇന്നും ദുരിതംപേറി ജീവിക്കാന്‍ വിധിക്കപ്പെട്ടവളായി. അണുവായുധത്തിന്റെ പിടിയിലമരാതെ ലോകമിന്നും മുന്നോട്ട് പോകാന്‍ ഇടയാക്കുന്നതും ഈ നടുക്കുന്ന ഓര്‍മകളാണ്. ആണവറിയാക്ടറുകളില്‍ ഉണ്ടായ അപകടങ്ങള്‍ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി മനുഷ്യനെ ഭയപ്പെടുത്തുന്നു. ആണവായുധത്തിന്റെ ഭീഷണി അവസാനിച്ചതായി ഇന്നും പറയാന്‍ കഴിയാത്ത അവസ്ഥ. ഭൂമിയാകെ നിമിഷങ്ങള്‍ക്കുള്ളില്‍ ഭസ്മമാക്കാന്‍ കഴിയുന്ന അണുവായുധങ്ങള്‍ക്ക് മുകളിലാണീ നിശ്ശബ്ദത. അതുകൊണ്ട് തന്നെ ലോകത്ത് സമാധാനം കാംക്ഷിക്കുന്നവര്‍ക്കും ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും നടുക്കുന്ന സ്വപ്നങ്ങളാണ് അണുവായുധങ്ങള്‍ സമ്മാനിക്കുന്നത്.
ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായി ആണവ നിരായുധീകരണം മാറിയതിന്റെ സാംഗത്യവും അതുതന്നെ. പതിനേഴായിരത്തിലധികം അണുവായുധങ്ങള്‍ ലോകമറിഞ്ഞുകൊണ്ട് ഒമ്പത് രാഷ്ട്രങ്ങളിലായി സ്വരൂപിച്ചിട്ടുണ്ട്. അറിയപ്പെടാത്ത അണുവായുധ നിക്ഷേപങ്ങളുടെ സാധ്യത തള്ളിക്കളയാനുമാവില്ല!. ആണവയുദ്ധമെന്നത് ഇനി ലോകത്തിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുണ്ടായാല്‍ ജീവസാധ്യമായ ഏകഗ്രഹം കൂടി പ്രപഞ്ചത്തില്‍നിന്ന് അപ്രത്യക്ഷമാകും. ആണവനിരായുധീകരണത്തിന്റെ ആവശ്യകത ലോകത്തെ പഠിപ്പിക്കാനാണ് ഐക്യരാഷ്ട്രസഭാ നേതൃത്വത്തില്‍ സെപ്തംബര്‍ 26 സമ്പൂര്‍ണ ആണവ നിരായുധീകരണ ദിനമായി ആചരിക്കുന്നത്. ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും മാനവികതയ്ക്കും അണുവായുധങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മാനവസമൂഹത്തിന് വഴിയൊരുക്കാന്‍ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.
അണുവായുധ ശേഷിയുള്ളവര്‍ ലോകത്ത് ചുരുക്കം ചില രാഷ്ട്രങ്ങളാണ് കൈവശം അണുവായുധങ്ങള്‍ ഉള്ളതായി സ്ഥിരീകരിച്ചത്. അമേരിക്കയിലും റഷ്യയിലുമാണ് ആയുധശേഖരത്തിന്റെ സിംഹഭാഗവുമുള്ളത്. ഐക്യരാഷ്ട്രസഭയുടെ സ്ഥിരംസമിതിയിലെ മറ്റ് മൂന്ന് അംഗങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരും ഈ പട്ടികയിലുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ഇസ്രായേല്‍, ഉത്തരകൊറിയ എന്നിവരാണ് അണുവായുധം കൈവശംവച്ചിരിക്കുന്ന മറ്റ് രാജ്യങ്ങള്‍. ഇന്ത്യന്‍ പരീക്ഷണങ്ങള്‍1974 മെയ് 18നാണ് ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത്. രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന ഈ പരീക്ഷണം "ബുദ്ധന്‍ ചിരിക്കുന്നു' എന്ന പേരിലാണ് അറിയപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ സ്ഥിരം സമിതിയംഗമല്ലാത്ത, ആണവപരീക്ഷണം നടത്തിയ ആദ്യരാജ്യമെന്ന ഖ്യാതിയും ഇന്ത്യയ്ക്കാണ്. രണ്ടാമത്തെ ആണവപരീക്ഷണം നടന്നത് 1998മെയ് 11നാണ്. ഓപ്പറേഷന്‍ ശക്തി, പൊഖ്റാന്‍ കക ആണവ റിയാക്ടറുകളിലെ അപകടങ്ങള്‍മനുഷ്യ പുരോഗതിക്ക് ആണവോര്‍ജം ഉപയോഗിക്കാനാണ് ആണവ റിയാക്ടറുകള്‍ കണ്ടുപിടിച്ചത്.
1942 ഡിസംബറില്‍ ആദ്യ ആണവ റിയാക്ടറിന് രൂപം കൊടുത്തത് എന്റിക്കോ ഫെര്‍വി എന്ന ശാസ്ത്രജ്ഞനാണ്. ചിക്കാഗോയില്‍ ഇതിന് രൂപംകൊടുക്കുമ്പോള്‍ സുരക്ഷിതമെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. ഒരിക്കലും ക്ഷയിക്കാത്ത ഈ ഊര്‍ജ ഉറവിടം ഇന്ധനക്ഷാമത്തിന് പരിഹാരമാകുമെന്നും കരുതി. ഏറെക്കുറെ ഈ ധാരണകള്‍ ശരിയായിരുന്നു. മനുഷ്യ ജീവിതത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ചില സംഭവങ്ങള്‍ ആണവ റിയാക്ടറുകളുമായി ബന്ധപ്പെട്ട് ഉണ്ടായി. 1957 ഒക്ടോബര്‍ 10ന് ആണവ റിയാക്ടറുമായി ബന്ധപ്പെട്ട ആദ്യ അപകടം ബ്രിട്ടനിലെ വിന്‍ഡ്സ്കേലിലാണുണ്ടായത്. ആണവ റിയാക്ടറിലെ താപനില ഉയര്‍ത്താനുള്ള ശ്രമം റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നതിന് ഇടയാക്കി. അപകട പരിസരത്ത് നിരവധിയാളുകള്‍ക്ക് ക്യാന്‍സര്‍ രോഗബാധയുണ്ടായി എന്നതായിരുന്നു ദുരന്തത്തിന്റെ മറ്റൊരുവശം. അമേരിക്കയിലെ ത്രീമില്‍സ് ഐലന്റിലുണ്ടായ അപകടഫലമായി ഇന്നും ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു. 1978 മാര്‍ച്ച് 28നായിരുന്നു ഈ അപകടം.
ആണവ റിയാക്ടര്‍ അപകടങ്ങളില്‍ ഏറ്റവുമധികം നാശം വിതച്ചത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചെര്‍ണോബിലില്‍ നടന്ന ദുരന്തത്തിലാണ്. ഏകദേശം 50ലക്ഷത്തോളം ആളുകള്‍ക്ക് റേഡിയേഷന്‍ ഏറ്റതായി കരുതിയ ദുരന്തം നിരവധി ജീവനും അപഹരിച്ചു. ഭൂകമ്പവും സുനാമിത്തിരമാലകളും ജപ്പാനിലെ ഫുകുഷിമ ആണവ റിയാക്ടറുകളില്‍ വിതച്ച അപകടമാണ് ഈ പട്ടികയില്‍ അവസാനത്തേത്. 2011 മാര്‍ച്ച് 11ന് നടന്ന അപകടഫലമായി റിയാക്ടറുകള്‍ പൊട്ടിത്തകരുകയും വന്‍തോതില്‍ അണുപ്രസരണം ഉണ്ടാവുകയുംചെയ്തു. 20കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
അതീവ സുരക്ഷിതമെന്ന് ശാസ്ത്രലോകം കരുതിയിരുന്ന ആണവറിയാക്ടറുകള്‍ ഭീഷണിയുയര്‍ത്തി തുടങ്ങിയതോടെ ലോകവ്യാപകമായി ഇവയ്ക്കെതിരെയുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്. ആണവ മാലിന്യങ്ങള്‍ആണവ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന സുരക്ഷിതത്വ ഭീഷണിയും ലോകത്തിന് കടുത്ത വെല്ലുവിളിയാണ്. ഉപയോഗം കഴിഞ്ഞശേഷം അവശേഷിക്കുന്ന ആണവ മാലിന്യങ്ങള്‍ വര്‍ഷങ്ങളോളം ഭൂമിക്ക് ഭാരമായി നിലകൊള്ളും. ഭൂമിക്കടിയിലും കടലിലും ഇവ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ ലോകം ഭൂഗര്‍ഭ അറകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ആണവോര്‍ജം പ്രദാനംചെയ്യുന്ന സൗകര്യങ്ങള്‍ക്കപ്പുറമാണ് അതിന്റെ മാലിന്യവും സുരക്ഷിതമല്ലാത്ത ഉപയോഗ രീതിയും.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. 1957ല്‍ രൂപീകരിച്ച ഈ സംഘടന "ആറ്റം സമാധാനത്തിന്' എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഘടക സംഘടനയായ ഇതിന്റെ ആസ്ഥാനം ഓസ്ട്രിയയിലെ വിയന്നയാണ്. ന്യക്ലിയര്‍ സയന്‍സിനെയും സാങ്കേതിക വിദ്യയെയും അപകട രഹിതവും സുരക്ഷിതവുമായി സമാധാന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ആണവോര്‍ജ ഏജന്‍സി ലോകത്തിന് പ്രേരണയും പ്രചോദനവും നല്‍കുന്നു.
- See more at: http://www.deshabhimani.com/news-special-aksharamuttam-latest_news-402190.html#sthash.PKl4qYkH.dpuf

2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

നാട്ടറിവുകളെ കൂട്ടുകാരാക്കാം...രാജേഷ് എസ് വള്ളിക്കോട്


ആഗസ്ത് 22 ലോക നാട്ടറിവുദിനം
നാട്ടുജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് നാട്ടറിവുകള്‍ വിളംബരം ചെയ്യുന്നത്. ഒരു ജനതയുടെ ജീവിതസംസ്കാരത്തിന്റെ അടയാളങ്ങളാണ് അവ. പോയതലമുറയില്‍ നിന്ന് കൈയേറ്റ ഈ അറിവിന്റെ അക്ഷയനിധി വരുംതലമുറയ്ക്ക് കൈമാറാനുള്ളതാണ്. കലയായും ആചാരമായും അനുഷ്ഠാനമായും  ജീവിതരീതിയായും നമ്മുടെ ജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞ സംസ്കാര മുദ്രകളെക്കുറിച്ച് ആലോചിക്കാനും  പഠിക്കാനുമാണ് ലോക നാട്ടറിവ് ദിനം ആചരിക്കുന്നത്. 
   
വീട്ടുമുറ്റത്തുള്ള പപ്പായ മരത്തെ അവഗണിച്ചുകൊണ്ട് അന്യദേശത്തുനിന്ന് എത്തുന്ന കാബേജിനെ തിരയുന്നവരാണ് നാം. ഏവരെയും അതിശയിപ്പിച്ചുകൊണ്ടാണ് പപ്പായയുടെ പ്രാധാന്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കുന്നതിന് പപ്പായയുടെ തളിരില ജൂസാക്കി ഉപയോഗിക്കാമെന്ന പുതിയ വാര്‍ത്ത നിങ്ങള്‍ കേട്ടുകാണും. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ ഉണ്ടാകുമെങ്കിലും അവരാരും പപ്പായയുടെ ഔഷധഗുണത്തെ തള്ളിക്കളയുന്നില്ല. ഈ മരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പൂര്‍വികര്‍ വീട്ടുവളപ്പില്‍ പപ്പായ നട്ടുവളര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നത്. നമ്മുടെ മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന ഇത്തരത്തില്‍ നിരവധി അറിവുകള്‍ നമുക്ക് ചുറ്റും ഒളിഞ്ഞുകിടപ്പുണ്ട്. ഏതൊരു നാടിന്റെയും സംസ്കൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇത്തരം അറിവുകളാണ് നാട്ടറിവുകള്‍. അന്യമായികൊണ്ടിരിക്കുന്ന നാട്ടറിവുകള്‍ സംരക്ഷിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള സംഗതിയാണ്. വരമൊഴിയുടെ സഹായമില്ലാതെ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഈ സമ്പത്ത് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. ഇവയെ സംരക്ഷിക്കുക എന്നത് വരും തലമുറയോട് നമുക്ക് ചെയ്യാവുന്ന നീതിപൂര്‍വമായ പെരുമാറ്റമാണ്.
നാട്ടറിവുകളുടെ പ്രവര്‍ത്തനപരിധി വിപുലമാണ്. സാധാരണ ജനങ്ങളുടെ സാംസ്കാരികമായ സമ്പത്താണ് ഈ അറിവുകള്‍. ഇവയെ സാമൂഹികം, സാംസ്കാരികം, വാങ്മയം എന്നിങ്ങനെ തരംതിരിച്ച് വീക്ഷിക്കാം. മനുഷ്യനാല്‍ നിര്‍മിതമായ ഭൗതിക വസ്തുക്കളാണ് ഇവയില്‍ ഒന്നാമത്തേത്. ഗൃഹോപകരണങ്ങള്‍, കാര്‍ഷികായുധങ്ങള്‍, നാടന്‍ പാചകവിദ്യകള്‍, നാട്ടുവൈദ്യം, കൈത്തൊഴിലുകള്‍, കൊത്തുവേലകള്‍ ഇവയെല്ലാം ഇതിനുദാഹരണങ്ങളാണ്. സാങ്കേതികത്വവും നൈപുണ്യവും അവകാശപ്പെടാവുന്നവയാണ് ഇവ. സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തന ഇടങ്ങളാണ് സാംസ്കാരിക നാട്ടറിവില്‍ ഉള്‍പ്പെടുന്നത്. വിനോദങ്ങള്‍, നാടന്‍കളികള്‍, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ സാംസ്കാരികമായ നാട്ടറിവുകളുടെ പട്ടിക നീണ്ടതാണ്. നാടന്‍ പാട്ടുകള്‍, നാടന്‍ ശൈലികള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, ഐതീഹ്യങ്ങള്‍, പ്രാദേശികമായ പദപ്രയോഗങ്ങള്‍ എന്നിങ്ങനെ വായ്മൊഴിയായി തലമുറകളിലേക്ക് കൈമാറുന്ന അറിവുകളാണ് വാങ്മയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
സാധാരണ ജനങ്ങളുടെ ജീവിതവും സംസ്കാരവുമാണ് നാട്ടറിവുകള്‍ വിളംബരം ചെയ്യുന്നത്. ഈ അറിവുകളെല്ലാം വരും തലമുറക്കുള്ള സമൂഹത്തിന്റെ സംഭാവനയാണ്. ഈ അറിവുകള്‍ വ്യക്തികളുടെ സംഭാവനയാണ്. പക്ഷേ ഇവരുടെ പേരുകള്‍ ആര്‍ക്കുമറിയില്ല. പലപ്പോഴും ആ ദേശത്തിന്റെ പേരില്‍ അത് പ്രശസ്തമാകാം. പ്രാദേശികദേഭമനുസരിച്ച് നാട്ടറിവുകളില്‍ വ്യത്യാസമുണ്ടാവും. ഇവയിലേറെയും ലാളിത്യവും അകൃത്രിമകതയും പ്രദര്‍ശിപ്പിക്കുന്നവയാണ്.
ഓരോ മേഖലയുമായി ബന്ധപ്പെട്ട് വിപുലമായ നാട്ടറിവുകളാല്‍ സമ്പന്നമാണ് നമ്മുടെ നാട്. പത്തായം എന്ന വാക്കിനൊപ്പം പത്തായവും ഇന്ന് കാണാനില്ല. നെല്ല് കേട് കൂടാതെ സൂക്ഷിച്ച് വെയ്ക്കാന്‍ മരംകൊണ്ട് ഉണ്ടാക്കിയ വലിയപെട്ടി ഒരു ധാന്യസംഭരണശാല തന്നെയായിരുന്നു. തൈര് കടയാന്‍ മരംകൊണ്ട് ഉണ്ടാക്കിയിരുന്ന മന്ത് ഇന്ന് കാണാനില്ല. ഇവയുടെ സ്ഥാനം ആദ്യം പ്ലാസ്റ്റിക്കും പിന്നീട് യന്ത്രങ്ങളും കൈയടക്കിയിരിക്കുന്നു. കുട്ടയും മുറവും ഇല്ലാത്ത വീടുകള്‍ പണ്ട് വളരെ കുറവായിരുന്നു. കാട്ടില്‍ നിന്ന്  മുളകളും ഈറകളും ശേഖരിച്ച് നിശ്ചിത വലിപ്പത്തിലുള്ള കഷണങ്ങളാക്കി കട്ടികുറഞ്ഞ് ചീകി വെയിലത്തിട്ടുണക്കിയാണ് കുട്ടയും മുറവും ഉണ്ടാക്കിയിരുന്നത്.
മരച്ചീനിപുട്ടുപോലുള്ള നാടന്‍ ഭക്ഷ്യവസ്തുക്കളുടെ വിപുലമായ സമ്പത്തും കേരളത്തിനുണ്ട്. തൊലികളഞ്ഞ് മരച്ചീനി വൃത്തിയായി കഴുകി ചെറിയ കഷണങ്ങളാക്കി ഉണക്കിയതിനുശേഷം പൊടിച്ചാണ് ഇതിനാവശ്യമായ പുട്ടുപൊടി ഉണ്ടാക്കുന്നത്. അരിപ്പൊടി നച്ച് ഇലയില്‍ പരത്തി തേങ്ങയും ശര്‍ക്കരയും അതിനുള്ളില്‍ വെച്ച് മടക്കി ചുട്ടെടുക്കുന്ന അട നമ്മുടേതായ ഭക്ഷണത്തിന്റെ മറ്റൊരുദാഹരണമാണ്. ആറന്മുള കണ്ണാടി, ബേപ്പൂര്‍ ഉരു, കോഴിക്കോടന്‍ ഹലുവ, ബാലരാമപുരം കൈത്തറി, മാന്നാറിലെ ഓട്ടുപാത്രങ്ങള്‍, പയ്യന്നൂര്‍ പവിത്രമോതിരം എന്നിങ്ങനെ ദേശപ്പെരുമ വിളിച്ചറിയിച്ച ഒട്ടനവധി നാട്ടറിവുകള്‍ നമുക്കുണ്ട്. വൈവിധ്യമാര്‍ന്നതും തദ്ദേശീയവുമായ നാട്ടറിവുസമ്പത്തിനെ സംരക്ഷിക്കുക എന്ന വിപുലമായ ചുമതല കുട്ടികള്‍ക്കുണ്ട്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന കലയാണ് തെയ്യം. ദേവീദേവന്മാര്‍ യക്ഷഗന്ധര്‍വന്മാര്‍, നാഗങ്ങള്‍, ഭൂതങ്ങള്‍, മരിച്ചുപോയ കാരണവന്മാര്‍, വീര പരാക്രമികള്‍ എന്നിവരെ കോലമായി കെട്ടിയാടിച്ച് ആരാധിക്കുന്ന രീതിയാണ് ഇത്. തെയ്യത്തിന്റെ കോലക്കാരനും കര്‍മ്മിയും മറ്റും വ്രതശുദ്ധിയോടെയാണ് ചടങ്ങുകള്‍ അനുഷ്ഠിക്കുക. അനുഷ്ഠാനത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ദേവതാശക്തി കോലക്കാരനില്‍ പ്രവേശിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അനുഷ്ഠാനം തീരുന്നതോടെ ദേവത അതിന്റെ അധിവാസ സ്ഥാനത്തേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു. ഇതിനിടയ്ക്ക് ഈ ദൈവങ്ങള്‍ ഭക്തരുടെ ദുരിതങ്ങള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. കാവ്, മുണ്ട്യ, സ്ഥാനം, പള്ളിയറ, കോട്ടം തുടങ്ങിയവയാണ് തെയ്യം കെട്ടിയാടുന്ന കേന്ദ്രങ്ങള്‍.
അയ്യപ്പന്‍ തീയാട്ട്
അയ്യപ്പനെ പ്രസാദിപ്പിക്കാന്‍ അയ്യപ്പന്‍ കാവുകളിലും മറ്റും തീയ്യാടി നമ്പ്യാര്‍മാര്‍ നടത്തുന്ന അനുഷ്ഠാനം. ഉത്തരകേരളത്തിലും മധ്യകേരളത്തിലും കാണപ്പെടുന്നു. ചിലയിടങ്ങളില്‍ "അയ്യപ്പന്‍ കൂത്തെ"ന്നും "അയ്യപ്പന്‍ പാട്ടെ"ന്നും അറിയപ്പെടുന്നു. തീയാട്ടിന് മുമ്പ് ഇതിന് പന്തല്‍ കെട്ടി അലങ്കരിക്കുന്ന ചടങ്ങുണ്ട്. ഇതിന് "കൂറയിടല്‍" എന്നും പറയും. തീയാട്ട് ദിവസം ഉച്ചപ്പൂജ കഴിഞ്ഞാല്‍  "ഉച്ചപ്പാട്ട്" തുടങ്ങും. അതുകഴിഞ്ഞ് സന്ധ്യയ്ക്ക് മുമ്പ് പഞ്ചവര്‍ണ്ണപ്പൊടിയില്‍ അയ്യപ്പന്റെ കളം വരക്കുന്നു. സന്ധ്യകൊട്ട്, കളംപൂജ, കളംപാട്ട്, കൂത്ത്, കോമരം, തിരിയുഴിച്ചില്‍ തുടങ്ങിയവയും തുടര്‍ന്ന് നടക്കും. അയ്യപ്പന്റെ ചരിത്രം അഭിനയിച്ചു കാണിക്കുന്നതാണ് കൂത്ത്. ഇതിന് അയ്യപ്പന്‍ കൂത്തെന്ന് പേരുണ്ട്. ഇത് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന സ്ഥലവും 12 ദിവസമെടുക്കുന്ന സ്ഥലവുമുണ്ട്. ഒരു ദിവസം കൊണ്ട് തീരുന്നത് "ഉദയാസ്തമയം കൂത്ത്" എന്നറിയപ്പെടുന്നു.
അലാമിക്കളി
കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരത്തും നിലനിന്നിരുന്ന നാടന്‍ കലാരൂപമായിരുന്നു അലാമിക്കളി. ഹിന്ദുþമുസ്ലിം മത സൗഹാര്‍ദം വിളിച്ചോതുന്ന കലാരൂപം കൂടിയാണ് ഇത്.
ദേഹം മുഴുവന്‍ കരിയും അതില്‍ വെളുത്ത പുള്ളികളുമാണ് അലാമിയുടെ വേഷം. കഴുത്തില്‍ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയുണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും. മുട്ടുമറയാത്ത വഴക്ക് മുണ്ടും തലയില്‍ കൂര്‍മ്പന്‍ പാളത്തൊപ്പിയും അതില്‍ ചുവന്ന ചെത്തിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിന്‍പുറങ്ങളിലേക്ക് അലാമികള്‍ കൂട്ടം ചേര്‍ന്നാണ് പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണ് യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും (അകം കുഴിഞ്ഞ ചെറിയ പാത്രം) ഉണ്ടാവും. അലാമികള്‍ ചെരിപ്പു ധരിക്കാറില്ല. ഓരോ വീട്ടിലും അവര്‍ ഭിക്ഷക്കെത്തുന്നു. തോളിലെ മാറാപ്പിറക്കിവെച്ച് മുറ്റത്ത് നൃത്തം ചവിട്ടും. ഇവരുടെ പാട്ടുകള്‍ക്ക് പ്രത്യേകം ശീലുകളും രീതികളുമുണ്ട്.
ഒപ്പന
മലബാറിലെ മുസ്ലിങ്ങള്‍ വിവാഹം പോലുള്ള വിശേഷാവസരങ്ങളില്‍ അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപം. അരനൂറ്റാണ്ടു മുമ്പ് ഒപ്പന സംഘങ്ങള്‍ കല്യാണപ്പാട്ടുകാര്‍, വട്ടപ്പാട്ടുകാര്‍, മൊഗത്തളപ്പാട്ടുകാര്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടത്. പിന്നീട് ഇവരുടെ ഇശലിന്റെ പേരായ ഒപ്പന, കലാരൂപത്തിന്റെ തന്നെ പേരായി മാറുകയാണുണ്ടായത്.
കളമെഴുത്ത്
കാവുകളിലും ക്ഷേത്രങ്ങളിലും വീടുകളിലും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചവര്‍ണ്ണപ്പൊടി കൊണ്ട് ചിത്രീകരിക്കുന്ന രൂപമാണ് കളം. ഭദ്രകാളിക്കളം, അയ്യപ്പന്‍ കളം, നാഗക്കളം, ചുടലക്കളം, വേട്ടയ്ക്കൊരു മകന്‍ കളം, യക്ഷിക്കളം തുടങ്ങി പലതരം കളങ്ങളുണ്ട്. കളമെഴുത്ത്, മുടിയേറ്റ്, പാന, തീയാട്ട് എന്നിവയുമായി ബന്ധപ്പെട്ടാണ് ഭദ്രകാളിക്കളം മുഖ്യമായും ചിത്രീകരിക്കുന്നത്.
ഓണപ്പൊട്ടന്‍
മഹാബലിയുടെ സങ്കല്‍പ്പത്തിലുള്ള ഒരു നാട്ടുദൈവമാണ് ഓണപ്പൊട്ടന്‍. കടത്തനാട് പ്രദേശത്ത് ഇന്നും സജീവമായി പ്രചാരത്തിലുണ്ട്. ഓണപ്പൊട്ടന്‍ ചിങ്ങത്തിലെ ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ വീടുകളിലെത്തുന്ന പതിവുണ്ട്. ചുവപ്പുടുത്ത് മുടിയും താടിയും മറ്റ് ചമയങ്ങളും ധരിച്ച് കിരീടം വെച്ച ഓണപ്പൊട്ടന്റെ ഇടതുകൈയില്‍ ഓലക്കുടയും വലതുകൈയില്‍ മണിയും ഉണ്ടാകും. കണ്ണൂര്‍ ജില്ലയില്‍ പ്രചാരത്തിലുള്ള ഓണത്താറിന് ഓണപ്പൊട്ടനുമായി സാദൃശ്യമുണ്ട്.
അറബനമുട്ട്
മുസ്ലിം സമുദായത്തില്‍ പ്രചാരമുള്ള കലാരൂപം. ദഫിനെക്കാള്‍ വ്യാസമുള്ള, ചുറ്റും ചിലമ്പുകള്‍ ഘടിപ്പിച്ച ചര്‍മ്മവാദ്യമാണ് അറബന. ആട്ടിന്‍തോലുകൊണ്ടാണ് ഉണ്ടാക്കുന്നത്. പാട്ടിന്റെ താളത്തിനുസരിച്ച് അറബന മുട്ടി ചുവടുവെച്ചുകൊണ്ടുള്ള കളിയാണിത്. അറവനക്കളി എന്നും പറയും. മുസ്ലിംഗൃഹങ്ങളിലും പൊതുവേദികളിലും ഇത് അവതരിപ്പിക്കുന്നു.
പൂരക്കളി
ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപം. വളരെ മെയ്വഴക്കവും താളബോധവും ദീര്‍ഘകാലത്തെ അഭ്യാസവും ആവശ്യമുള്ള കലാരൂപമാണിത്. കാമദഹനവുമായി ബന്ധപ്പെടുത്തി ഈ കലാരൂപത്തിന്റെ ഉത്ഭവത്തെപ്പറ്റി കഥകളുണ്ട്. പൂരാഘോഷവുമായി ഇതിന് വളരെയധികം ബന്ധമുണ്ട്. എന്നാല്‍ ഇന്ന് ഏറെക്കുറെ പുരുഷന്മാരുടെ കലാരൂപമായാണ് കണ്ടുവരുന്നത്. പണിക്കരും ശിഷ്യരും കച്ചിലയും ചുറയും ധരിച്ച് കളിക്കാനായി കളിയരങ്ങിലെത്തുന്നു. പന്തല്‍ പ്രവേശത്തോടെയാണ് കളി തുടങ്ങുക.
ചവിട്ടുനാടകം
കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പ ലപ്പുഴ വരെയുള്ള ക്രിസ്ത്യാനികളുടെ ഇടയില്‍ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടക രൂപമാണ് ചവിട്ടുനാടകം. കൊച്ചിയിലും മറ്റും ചവിട്ടുനാടക സംഘങ്ങളുണ്ട്. സംഭാഷണം മിക്കവാറും പാട്ടുരൂപത്തിലായിരിക്കും. പാട്ടിന്റെ താളത്തിനുസരിച്ചുള്ള ചുവടുകളും ആട്ടവും ചാട്ടവുമാണ് മുഖ്യം.
ഗദ്ദിക
വയനാട്ടിലെ ആദിവാസി വിഭാഗമായ അടിയാന്മാര്‍ക്കിടയില്‍  കണ്ടുവരുന്ന ഒരു മന്ത്രവാദ ചടങ്ങാണിത്. കൊല്ലത്തിലൊരിക്കല്‍ കൊയ്ത്തുകഴിഞ്ഞ സമയത്തോ മറ്റ് വിശേഷാവസരങ്ങളിലോ ആണ് ഇത് അനുഷ്ഠിക്കുന്നത്.  നാട്, കുലം, വീട്, വ്യക്തി ഇത്യാദികളെ ബാധിക്കുന്ന ഭൂത പ്രേത പിശാചുക്കളെ അകറ്റാന്‍ വേണ്ടിയാണ് ഇത് നടത്തുന്നതെന്ന് സങ്കല്‍പം. രോഗങ്ങളും ദുരിതങ്ങളും ഇതിലൂടെ പരിഹരിക്കാനാവുമെന്നും അവര്‍ വിശ്വസിക്കുന്നു. നാടിന്റെ പൊതുവായ നന്മയ്ക്ക്വേണ്ടി നടത്തുന്ന ഗദ്ദിക നാടു ഗദ്ദിക എന്നറിയപ്പെടുന്നു.
തിടമ്പുനൃത്തം
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന നൃത്തം ഉത്സവം, പ്രതിഷ്ഠ തുടങ്ങിയവ വിഷേശ സന്ദര്‍ഭങ്ങളിലാണ് ഇത് അരങ്ങേറുക. പൂക്കളും മാലകളും കൊണ്ടലങ്കരിച്ച ദേവീദേവന്മാരുടെ വിഗ്രഹം നര്‍ത്തകരായ നമ്പൂതിരിമാര്‍ തലയിലേറ്റി ചെണ്ടയുടെ താളത്തിനുസരിച്ച് നൃത്തം ചെയ്യുന്നു.

കളരിപ്പയറ്റ്
പ്രാചീന കാലം മുതലേ കേരളത്തില്‍ പ്രചാരത്തിലുള്ള ആയോധനകലയാണ് കളരിപ്പയറ്റ്. പ്രാദേശിക ഭേദങ്ങളും അതിനുസരിച്ചുള്ള വ്യത്യസ്ത സമ്പ്രദായങ്ങളും ഇതിനുണ്ട്.  മെയ്ത്താരി, കോല്‍ത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് കളരിപ്പയറ്റില്‍. അഭ്യാസം കൊണ്ട് മെയ്യ് കണ്ണാക്കി ശരീരത്തെ പാകപ്പെടുത്തുന്നതാണ് മെയ്യ്ത്താരി. ഇതില്‍ ചുവടുകള്‍ക്കും വടിവുകള്‍ക്കുമാണ് പ്രാധാന്യം. മുച്ചാണ്‍, പന്തീരാന്‍ തുടങ്ങിയ പലവിധം വടികള്‍ ഉപയോഗിച്ചുള്ള അഭ്യാസമുറയാണ് കോല്‍ത്താരി. ഇതില്‍ ഏറ്റവും അപകടകരവും പ്രധാനവുമായ ഒന്നാണ് ഒറ്റപയറ്റല്‍. നമ്മുടെ മിക്ക കലകള്‍ക്കും കളരിപ്പയറ്റിനോട് ബന്ധമുണ്ട്.
ഐവര്‍കളി
ഉത്സവകാലത്ത് ഭഗവതി ക്ഷേത്രങ്ങളിലും മറ്റും നടന്നുവരുന്ന ഒരു കലാവതരണം. നീളമുള്ള വടികളില്‍ കോല്‍മണികള്‍ കിലുക്കി ചുവടുവെച്ച് പാട്ടുപാടി കളിക്കുന്നതാണ് രീതി. മുച്ചാണ്‍ വടിയുടെ അറ്റത്ത് മണികള്‍ ഘടിപ്പിച്ച കോല്‍മണി "പൊന്തി" എന്നും അറിയപ്പെടുന്നു. കളിക്ക് ഒരാശാന്‍ ഉണ്ടാവും. അയാളാണ് പാട്ടുപാടിക്കൊടുക്കുക.  താളക്കൊഴിപ്പിനുവേണ്ടി ഇലത്താളവും ഉപയോഗിക്കാറുണ്ട്. ഭദ്രകാളിയെ തൃപ്തിപ്പെടുത്താന്‍ പാണ്ഡവര്‍ പാടിക്കളിച്ചതുകൊണ്ടാണ് ഐവര്‍കളി എന്ന പേര് വന്നത് എന്നൊരു അഭിപ്രായമുണ്ട്.
കുത്തിയോട്ടം
ദക്ഷിണ കേരളത്തിലെ കാളീകാവുകളിലും ദേവീ ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന അനുഷ്ഠാനമാണ് കുത്തിയോട്ടം. മുഖത്ത് വര്‍ണ്ണപ്പുള്ളികള്‍, തലയില്‍ കിരീടം, മറ്റ് ആഭരണങ്ങള്‍ എന്നിവ ധരിച്ച ബാലന്മാരാണ് മുഖ്യമായും ഇതിലുള്ളത്. ഒപ്പമുള്ള മറ്റ് ആളുകളും താളം ചവിട്ടുകയും ചാടുകയുംപാടുകയും ചെയ്യാറുണ്ട്. ചെണ്ടവാദ്യം, താലപ്പൊലി, കുരവ എന്നവിയോടുകൂടി  ഇവരെല്ലാവരും ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയാണ് അനുഷ്ഠാനം ആരംഭിക്കുന്നത്.
പടയണി
മധ്യതിരുവിതാംകൂറില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന രൂപമാണ് പടയണി. അഥവ പടേനി. ഭദ്രകാളി ക്ഷേത്രങ്ങളിലാണ് പൊതുവേ ഇത് കണ്ടുവരുന്നത്. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശാന്തയാക്കാന്‍ ശ്രീപരമേശ്വരനും ദേവന്മാരും കോലംകെട്ടി തുള്ളിയതിന്റെ സ്മരണയത്രെ ഇത്. പടയണിയുള്ള വിവരം പ്രദേശ വാസികളെ തപ്പുകൊട്ടി അറിയിക്കുന്ന കാച്ചിക്കൊട്ട്, മരത്തൂപ്പുകളും വെള്ളത്തോര്‍ത്തുകളും വീശിക്കൊണ്ട് ആര്‍ത്തുവിളിച്ച് താളം ചവിട്ടുന്ന കാപ്പൊലി, കൈമണിയുമായി താളം തുള്ളുന്ന താവടിതുള്ളല്‍, ഇതിനെ ഹാസ്യാത്മകമായി അനുകരിക്കുന്ന പന്നത്താവടി ഇങ്ങനെ ഒട്ടേറെ ചടങ്ങുകള്‍ പടയണിയിലുണ്ട്. പല ദിവസങ്ങളിലായാണ് പടയണി നടത്തുക. കാപ്പൊലി തുടങ്ങുന്ന ദിവസം തന്നെ കോലം തുള്ളലുണ്ടാകും ഗണപതിക്കോലം, മാടന്‍ കോലം, മറുതക്കോലം, ഭൈരവിക്കോലം, ഗന്ധര്‍വന്‍കോലം തുടങ്ങിയ ദേവന്മാരുടെ കോലങ്ങള്‍ തലയില്‍വെച്ച് തപ്പിന്റെയും പാട്ടിന്റെയും താളത്തിനുസരിച്ച് തുള്ളുന്നു. ഒരു പ്രദേശത്തിന്റെ മുഴുവന്‍ ബാധകളെയും തങ്ങളിലേക്ക് ആവാഹിച്ച് ഉറഞ്ഞുതുള്ളുന്ന ഈ കോലങ്ങള്‍ കളം വിട്ടൊഴിയുന്നതോടെ എല്ലാ ബാധകളും ദുരിതങ്ങളും അകന്ന് ദേശത്തിന് നന്മയും ഐശ്വര്യവും കൈവരുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.
കാക്കാരിശ്ശി നാടകം
തിരുവനന്തപുരം ജില്ലയിലും സമീപ പ്രദേശങ്ങളിലും കണ്ടുവരുന്ന വിനോദ ഗ്രാമീണ നാടകമാണ് കാക്കാരിശ്ശി നാടകം. കാക്കാല നാടകം, കാക്കാലിച്ചി നാടകം, കാക്കരുകളി എന്നീ പേരുകളും ഇതിനുണ്ട്. പൊറാട്ടുകളുടെയും സംഗീത നാടകങ്ങളുടെയും ഒരുതരം കലര്‍പ്പാണ് ഇതിന്റെ സ്വഭാവം.

2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

  • സമരാഗ്നി പടര്‍ത്തിയ പത്രങ്ങള്‍ 
    രാജേഷ് എസ് വള്ളിക്കോട്
  • ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ആശയപരമായി ശക്തി പകര്‍ന്നത് അക്കാലത്ത് പുറത്തിറങ്ങിയ നിരവധി പത്രങ്ങളാണ്. അവയില്‍ ചില പത്രങ്ങളെ പരിചയപ്പെടുക. 

    ഇന്ത്യന്‍ ഒപ്പീനിയന്‍ 

    ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ആരംഭിച്ച പത്രമാണ് ഇന്ത്യന്‍ ഒപ്പീനിയന്‍ . 1903ലാണ് പത്രം പുറത്തിറങ്ങിയത്. പത്രാധിപര്‍ മറ്റൊരാളായിരുന്നുവെങ്കിലും പ്രധാന ലേഖനങ്ങളും എഡിറ്റോറിയലും എഴുതിയിയിരുന്നത് ഗാന്ധിജിയായിരുന്നു. 

    യങ്ഇന്ത്യ

    1919 ഒക്ടോബര്‍ എട്ടിനാണ് യങ് ഇന്ത്യ തുടങ്ങിയത്. ജാലിയന്‍ വാലാബാഗ് സംഭവത്തിനുശേഷം ഉടലെടുത്ത സംഭവങ്ങളാണ് ഇതിലേക്ക് നയിച്ചത്. ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ മുഖപത്രമായി ആരംഭിച്ച യങ്ഇന്ത്യ ഗാന്ധിജിയെ പത്രാധിപരാക്കി. ഇംഗ്ലീഷ് പത്രമായിരുന്നു ഇത്. 

    നവജീവന്‍ 

    ഗാന്ധിജി അഹമ്മദാബാദില്‍നിന്ന് ആരംഭിച്ച പത്രമാണ് നവജീവന്‍ . ഗുജറാത്തി ഭാഷയിലായിരുന്നു പത്രം. ഇതിന്റെ വരിക്കാരുടെ എണ്ണം നാല്‍പതിനായിരം വരെ എത്തിയിരുന്നു. നവജീവന്‍ എന്ന പേരില്‍ ഗാന്ധിജി ആരംഭിച്ച പ്രസിദ്ധീകരണശാല ഇന്നും നിലനില്‍ക്കുന്നുണ്ട്. 

    ഹരിജന്‍ 

    1933-ല്‍ ഗാന്ധിജി ആരംഭിച്ച പത്രമാണ് ഹരിജന്‍ . പതിനായിരം കോപ്പികളോടെയായിരുന്നു തുടക്കം. പിന്നീട് പത്ത് ഭാഷകളില്‍ ഹരിജന്‍ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്നില്ലെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ ചാലകശക്തിയായി പത്രം നിലകൊണ്ടു. 

    അല്‍ അമീന്‍

    ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ ആരംഭിച്ച മലയാള പത്രമാണ് അല്‍അമീന്‍ . 1924 ഒക്ടോബര്‍ 12-ന് കോഴിക്കോട് നിന്നാണ് ഇതാരംഭിച്ചത്. 


    സ്വദേശാഭിമാനി

     കേരളത്തിലെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ തിളക്കമുള്ള ഏടുകളിലൊന്നാണ് സ്വദേശാഭിമാനി പത്രം. വക്കം അബ്ദുള്‍ ഖാദര്‍ മൗലവി 1905 ജനുവരി 19-ന് അഞ്ചുതെങ്ങില്‍ നിന്നാണ് പത്രം ആരംഭിച്ചത്. 1906 ജനവരി 17ന് കെ രാമകൃഷ്ണപിള്ള പത്രാധിപരായി. 1910 സെപ്തംബര്‍ 26ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പത്രം നിരോധിച്ചു. പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടി. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തി. 

    മറാത്തയും കേസരിയും

    ബാലഗംഗാധര തിലകന്‍ മറാത്തി ഭാഷയില്‍ ആരംഭിച്ച "കേസരി"യും ഇംഗ്ലീഷ് ഭാഷാപത്രമായ "ദി മറാത്ത" യും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ വളരെയേറെ ശക്തിപ്പെടുത്തി. 1881 ലാണ് പത്രം ആരംഭിച്ചത്. രാജ്യത്തെ എറ്റവും പ്രചാരമുള്ള ഭാഷാപത്രമാവാന്‍ കേസരിക്ക് ഒരു വര്‍ഷത്തിനകം കഴിഞ്ഞു. മഹാരാഷ്ട്രയിലെ ദേശീയ പത്രമായി "മറാത്ത" വളര്‍ന്നു. കേസരിയിലെഴുതിയ ലേഖനങ്ങള്‍ പലതും ബ്രിട്ടീഷുകാരുടെ അപ്രീതിക്ക് കാരണമാവുകയും തിലകനെ തടവിലിടുകയും ചെയ്തു. 

    നാഷണല്‍ ഹെറാള്‍ഡ്

    ലക്നൗവില്‍ നിന്ന് 1938ല്‍ ജവഹര്‍ലാല്‍ നെഹ്റുവന്റെ നേതൃത്വത്തില്‍ ആരംഭിച്ച പത്രം.1942ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്ത് പത്രം അടച്ചു പൂട്ടി. 1945ല്‍ വീണ്ടും ആരംഭിച്ചു. 

    പ്രഭാതം

    കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ മുഖപത്രമായിരുന്നു പ്രഭാതം. 1934-ല്‍ ഷൊര്‍ണൂരില്‍ നിന്ന് ആരംഭിച്ചു. ഇ എം എസായിരുന്നു പത്രാധിപര്‍ .

കണക്കുകളുടെ കഥ പറയുന്ന കാനേഷുമാരി രാജേഷ് എസ് വള്ളിക്കോട്


  • 1989 മുതലാണ് ജൂലൈ 11 ലോകജനസംഖ്യാദിനമായി ആചരിച്ചുവരുന്നത്. 1987 ജൂലായ് 11നാണ് ലോക ജനസംഖ്യ 500കോടി തികഞ്ഞത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനൈറ്റഡ് നേഷന്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്. ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.


    ജനക്കണക്ക് തുടങ്ങിയത്

    പുരാതന കാലം മുതല്‍ ജനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കെടുപ്പ് നടന്നിരുന്നതായി കരുതുന്നു. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീനകാലത്ത് പട്ടാളത്തില്‍ ചേര്‍ക്കാന്‍ പറ്റിയവരുടെ കണക്ക് ഭരണാധികാരികള്‍ക്ക് ആവശ്യമായിരുന്നു. സമൂഹത്തിന്റെ ക്ഷേമം, ജനസംഖ്യ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് തന്റെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. റോബര്‍ട്ട് മാല്‍ത്തസ് ജനസംഖ്യാപഠനങ്ങളുടെ പിതാവായി കരുതപ്പെടുന്നു. 1798ല്‍ "പ്രിന്‍സിപ്പിള്‍സ് ഓഫ് പോപ്പുലേഷന്‍" എന്ന പുസ്തകം അദ്ദേഹത്തെ പ്രശസ്തനാക്കി. 19ാം നൂറ്റാണ്ട് ആയപ്പോയേക്കും പല രാജ്യങ്ങളും ജനസംഖ്യ കണക്കെടുപ്പും ജനനമരണ രജിസ്ട്രേഷനും ആരംഭിച്ചു. ഡെമോഗ്രാഫി (ജനസംഖ്യാ ശാസ്ത്രം) ഒരു ശാസ്ത്രശാഖയായി വളര്‍ന്നു. 1927ല്‍ ജനീവയില്‍ ആദ്യ ലോക ജനസംഖ്യാ സമ്മേളനം നടന്നു. ആധുനിക രീതിയിലുള്ള കാനേഷുമാരി (സെന്‍സസ്) ആദ്യം നടന്നത് 18ാം നൂറ്റാണ്ടില്‍ . സ്വീഡന്‍ (1749), അമേരിക്ക (1790), ഇംഗ്ലണ്ട് (1801) എന്നീ രാജ്യങ്ങളാണ് ആദ്യം തുടങ്ങിയത്. 

    കാനേഷുമാരി എന്നാല്‍ 

    പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് "കാനേഷുമാരി" എന്ന വാക്ക് ഉണ്ടായത്. "വീട്ടുനമ്പര്‍" എന്നു മാത്രമാണ് ഇതിന്റെ അര്‍ത്ഥം. പേര്‍ഷ്യന്‍ ഭാഷയില്‍ "ഖനേ"(സവമിലവ) എന്നാല്‍ "വീട"് എന്നര്‍ത്ഥം. "ഷൊമാരേ" (വെീാമൃലവ)എന്നാല്‍ "എണ്ണം" എന്നും. ഈ രണ്ടു പദങ്ങളും യോജിച്ചാണ് കാനേഷുമാരി ഉണ്ടായത്. ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി വീടുകള്‍ക്ക് നമ്പറിടുന്ന പതിവില്‍ നിന്നാകാം ഈ വാക്ക് സെന്‍സസിന്റെ മറ്റൊരു പേരായി മാറിയത്. ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാവരില്‍ നിന്നും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരേ സമയം ശേഖരിക്കുന്നു എന്നതാണ് കാനേഷുമാരിയുടെ പ്രത്യേകത.
    2025ല്‍ 
    ഇന്ത്യ ഒന്നാമതെത്തും................. 

    ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന സ്ഥാനം 2025-ഓടെ ഇന്ത്യക്ക് ലഭിക്കും. 2050 പിറക്കുമ്പോള്‍ ലോക ജനസംഖ്യ 940 കോടിയോടടുക്കും. 42.3 കോടി ജനങ്ങളുമായി അമേരിക്ക മൂന്നാം സ്ഥാനത്തു തന്നെയായിരിക്കും. അമേരിക്കന്‍ സെന്‍സസ് ബ്യൂറോയാണ് പുതിയ കണക്കുകള്‍ മുന്നോട്ടുവച്ചത്. 134 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയില്‍ ഇപ്പോള്‍ ഒന്നാംസ്ഥാനത്ത്. ചൈനയുടെ ജനസംഖ്യ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നേക്കും. ജപ്പാനും റഷ്യയും നിലവിലുള്ള ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍നിന്ന് 16, 17 സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുമെന്നും പഠനത്തില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ധനയുണ്ടാവുക നൈജീരിയയിലും എത്യോപ്യയിലുമായിരിക്കും. ഇപ്പോള്‍ 16.6 കോടി പേരുള്ള നൈജീരിയയില്‍ 40.2 കോടിയായിരിക്കും അന്ന് ജനസംഖ്യ. എത്യോപ്യയുടേത് 9.1ല്‍നിന്ന് 27.8 കോടിയുമാകും. 228 രാജ്യങ്ങളിലെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.


    സെന്‍സസ് ഇന്ത്യയില്‍ 

    ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യകാലത്തുതന്നെ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താന്‍ ചില പ്രദേശങ്ങളില്‍ ശ്രമം ആരംഭിച്ചിരുന്നു. ചോദ്യാവലിയും പട്ടികയും ഉപയോഗിച്ച് നടന്ന ആദ്യ സെന്‍സസ് 1872ല്‍ ആയിരുന്നു. ഇത് എല്ലായിടത്തും നടന്നില്ല. ഇന്ത്യയൊട്ടാകെ ഒരേ അടിസ്ഥാനത്തില്‍ സെന്‍സസ് നടന്നത് 1881ലാണ്. ഇന്ത്യയില്‍ ഇതുവരെ 15 സെന്‍സസ് നടന്നു. സ്വതന്ത്ര്യ ഇന്ത്യയിലെ ഏഴാമത്തെ സെന്‍സസാണ് 2011-ല്‍ നടന്നത്. 1951-ലായിരുന്നു ആദ്യ സെന്‍സസ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ്. 

    2011-ലെ സെന്‍സസ് 

    എല്ലാവീടുകളും ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശിച്ചാണ് സെന്‍സസ് നടത്തുന്നത്. രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും ഓഫീസുകളാണ് ഇന്ത്യയില്‍ സെന്‍സസ് നടത്തിപ്പിന്റെ ചുമതലക്കാര്‍ . രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സെന്‍സസ് നടന്നത്. ആദ്യഘട്ടത്തില്‍ വീടുകള്‍ സംബന്ധിച്ച വിവരങ്ങളും പിന്നെ ജനസംഖ്യാവിവരങ്ങളും ശേഖരിച്ചു. 

    ഇനി പുതിയ കണക്കുകള്‍

    2011 മാര്‍ച്ച് ഒന്നിലെ കണക്ക് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 1,21,01,93,422 (ഏതാണ്ട് 121 കോടി രണ്ട് ലക്ഷം). 2001നേക്കാള്‍ 181 മില്യണ്‍ കൂടുതലാണ് ഇത്. ജനസംഖ്യയില്‍ അഞ്ചാംസ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലിനെക്കാള്‍ അല്‍പം കുറവ്. ഭൂവിസ്തൃതിയുടെ 2.42 ശതമാനം മാത്രമുള്ള ഇന്ത്യയില്‍ ലോക ജനസംഖ്യയുടെ 17.5 ശതമാനവും വസിക്കുന്നു. ലോകത്തെ ആറുപേരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍ . ലോകത്ത് ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് മുന്നില്‍ . കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ജനസംഖ്യ 17.64 ശതമാനം ഉയര്‍ന്നപ്പോള്‍ ചൈനയില്‍ വര്‍ദ്ധനവ് 5.43 ശതമാനം മാത്രം. 

    ഉത്തര്‍പ്രദേശ് മുന്നില്‍ 

    20 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശാണ് ജനസംഖ്യയില്‍ മുന്നിലുള്ള സംസ്ഥാനം. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയാണ്. സിക്കിമിലാണ് ഏറ്റവും കുറവ് ജനസംഖ്യ. കേന്ദ്രഭരണ പ്രദേശങ്ങളില്‍ മുമ്പില്‍ ഡല്‍ഹിയും പിന്നില്‍ ലക്ഷദ്വീപുമാണ്. 

    സാക്ഷരതയില്‍ വീണ്ടും കേരളം

    ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 74.04 ശതമാനം ഉയര്‍ന്നു. 2001-ല്‍ ഇത് 64.83 ആയിരുന്നു. പുരുഷ സാക്ഷരത 75.26-ല്‍ നിന്നും 82.14 ആയും സ്ത്രീ സാക്ഷരത 53.67-ല്‍ നിന്ന് 65.46 ആയും ഉയര്‍ന്നിട്ടുണ്ട്. കേരള(93.91)മാണ് സാക്ഷരതയില്‍ മുന്നില്‍ . ലക്ഷദ്വീപ് (92.28), മിസോറം (91.58) എന്നിവ തൊട്ടുപിറകെ. ബിഹാര്‍ (63.82), അരുണാചല്‍ പ്രദേശ് (66.95), രാജസ്ഥാന്‍ (67.06) എന്നിവ പിറകിലാണ്. 

    സ്ത്രീപുരുഷ അനുപാതം

    2001ല്‍ ആയിരം പുരുഷന്മാര്‍ക്ക് 933 സ്ത്രീകള്‍ എന്നത് 2011ല്‍ 940 ആയി ഉയര്‍ന്നു. ലോകത്ത് ആകെ 1000 പുരുഷന്മാര്‍ക്ക് 984 സ്ത്രീകളാണ്. കേരളത്തിലും പോണ്ടിച്ചേരിയിലും മാത്രമാണ് സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ മുന്നില്‍ . 

    സ്ത്രീ പുരുഷ അനുപാതം

    കേരളത്തിലെ എല്ലാ ജില്ലകളിലും പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. തൃശൂര്‍ (1109), കണ്ണൂര്‍ (1133), ആലപ്പുഴ (1100), പത്തനംതിട്ട (1129), കൊല്ലം (1113) എന്നീ ജില്ലകളാണ് മികച്ച സ്ത്രീപുരുഷ അനുപാതം ദൃശ്യമാകുന്നവ. ഇന്ത്യയിലെ മികച്ച സ്ത്രീ പുരുഷ അനുപാതമുള്ള സംസ്ഥാനം (1084) ഈ സെന്‍സസിലും കേരളം തന്നെ. 

    ജനസാന്ദ്രത

    2001ല്‍ കേരളത്തിലെ ജനസാന്ദ്രത 819 ആയിരുന്നുവെങ്കില്‍ 2011ല്‍ അത് 859ആയി. ജനസാന്ദ്രതയില്‍ തിരുവനന്തപുരം മുന്നിലെത്തി. (1509) ആലപ്പുഴയായിരുന്നു 2001ല്‍ . ആലപ്പുഴയുടേത് ഇപ്പോള്‍ 1501ആണ്. ഏറ്റവും കുറവ് ഇടുക്കിയിലും (254). 

    സാക്ഷരത

    സാക്ഷരതയില്‍ കേരളത്തിനാണ് ഇത്തവണയും ഒന്നാംസ്ഥാനം (93.91). കേരളത്തിലെ മൂന്നുജില്ലകള്‍ 96 ശതമാനത്തിന് മുകളില്‍ സാക്ഷരതാ നിരക്കുള്ളവയാണ്. പത്തനംതിട്ട (96.93), കോട്ടയം (96.40), ആലപ്പുഴ (96.26) എന്നിവയാണ് അവ. കാസര്‍കോട് (89.85), വയനാട് (89.31), പാലക്കാട് (88.49) എന്നിവയാണ് പിന്നില്‍ .

2010, ഏപ്രിൽ 7, ബുധനാഴ്‌ച